കണ്ണീര്‍ച്ചുഴിയില്‍ നരണിപ്പുഴ

Lorem ipsum dolor sit amet

ചങ്ങരംകുളം (മലപ്പുറം) > നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറുവിദ്യാര്‍ഥികള്‍ക്ക് ഉള്ളില്‍ സങ്കടക്കടലുമായി നാട് അന്ത്യാഞ്ജലിയര്‍പ്പിച്ചു. മാപ്പിലാക്കല്‍ കടുക്കുഴി വേലായുധന്റെ മകള്‍ വൈഷ്ണ (20), വേലായുധന്റെ സഹോദരന്‍ ജയന്റെ മക്കളായ പൂജ (13), ജനീഷ (11), വേലായുധന്റെ മറ്റൊരു സഹോദരന്‍ പ്രകാശന്റെ മകള്‍ പ്രസീന (13), നെല്ലിക്കല്‍ പനമ്ബാട് ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14), ചങ്ങരംകുളം പെരുമുക്ക് അനിലിന്റെ മകന്‍ ആദിദേവ് (13) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വൈഷ്ണ, പൂജ, ജെനീഷ, പ്രസീന എന്നിവരുടെ മൃതദേഹം ഈശ്വരമംഗലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ആദിനാഥ്, ആദിദേവ് എന്നിവരുടെ സംസ്കാരം വീട്ടുവളപ്പിലായിരുന്നു.

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി എട്ടരയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആദിനാഥിന്റെ മൃതദേഹം മാറഞ്ചേരിയിലെ വീട്ടിലേക്കും മറ്റുള്ളവരുടേത് മാപ്പിലാക്കല്‍ കടൂക്കുഴി വീട്ടിലേക്കുമാണ് കൊണ്ടുപോയത്. വീട്ടുമുറ്റത്ത് പിഞ്ചോമനകളുടെ ചേതനയറ്റ ശരീരം എത്തിയതോടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ കൂട്ടക്കരച്ചിലായി.

പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ അഞ്ച് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഒരു കിലോമീറ്ററിലധികം ദൂരം വരിനിന്നാണ് നാട്ടുകാരും അധ്യാപകരും സഹപാഠികളും അന്തിമോപചാരമര്‍പ്പിച്ചത്. പൊതുദര്‍ശനത്തിനുശേഷം ആദിദേവിന്റെ മൃതദേഹം ചങ്ങരംകുളം പെരുമുക്കിലെ വീട്ടിലേക്ക് കൊണ്ടുപോയി.

അകാലത്തില്‍ പൊലിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധിപേരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ ചൊവ്വാഴ്ച ദുരന്തമറിഞ്ഞയുടന്‍ എത്തിയിരുന്നു. ബുധനാഴ്ച മന്ത്രിമാരായ കെ ടി ജലീല്‍, പി തിലോത്തമന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി 10,000 രൂപവീതവും ആശുപത്രിച്ചെലവും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഒമ്ബതുപേരാണ് അപകടത്തില്‍പെട്ടത്. തോണിതുഴഞ്ഞ വേലായുധന്‍ (55), അയല്‍വാസി സുലൈമാന്റെ മകള്‍ ഫാത്തിമ (13), ശിവഗി(16) എന്നിവരെ രക്ഷിച്ചിരുന്നു. മൂവരെയും ചികിത്സക്കുശേഷം ബുധനാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നു.

.